തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തില്‍ വൈകാരികമായി പ്രതികരിച്ച ആരോഗ്യമന്ത്രിയ്ക്ക് മറുപടി നല്കി മുനീര്‍. കൊവിഡ് 19 ല്‍ പ്രത്യേക ചര്‍ച്ച നടത്തുന്നതിനിടെയാണ് നിയമസഭയില്‍ മുനീറിന്റെ പ്രതികരണം. നിയമസഭയില്‍ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എംഎല്‍എമാരുമാണെന്ന് മുനീര്‍ പറഞ്ഞു.
ആരോഗ്യവകുപ്പിനോ മന്ത്രിക്കോ മാത്രമായി ഒന്നും ചെയ്യാനില്ല, അതിന് രാഷ്ട്രീയ നേതൃത്വവും ജനങ്ങളും വേണം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ് പ്രതിപക്ഷം നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ അതിനെ ദോഷൈകദൃക്കെന്നും ചീപ്പെന്നും പറയുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുനീര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്കു എതിരല്ല. വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുത്. ഒറ്റപ്പെട്ടു വീട്ടിൽ ഇരിക്കേണ്ടി വന്നാലും സംശയങ്ങൾ ഉന്നയിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.
”കൊവിഡ് 19 നെ നേരിടാന്‍ രാഷട്രീയ നേതൃത്വത്തിന്റെ ജോലിയാണ് പ്രതിപക്ഷം നിര്‍വ്വഹിച്ചത്. അതിന് പുറമെ ജനങ്ങളും കൂടി ചേര്‍ന്നാലെ അതിനെ നേരിടാനാനാകൂ. അല്ലാതെ അത് ആരോഗ്യവകുപ്പിനോ ആരോഗ്യമന്ത്രിക്കോ മാത്രമായി അത് നിര്‍വ്വഹിക്കാനാകില്ല. അത് വളരെ സവിനയം പറയുമ്പോള്‍ ദോഷൈക ദൃക്കെന്നും ചീപ്പെന്നും പറയുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.
ഇപ്പോഴിത് പറഞ്ഞാല്‍ സൈബര്‍ പോരാളികള്‍ വരും. ഞങ്ങളുടെ തന്നെ അനുയായികള്‍ ചോദിക്കും ഈ സമയത്ത് ഇത് പറയണമായിരുന്നോ എന്ന്. മാധ്യമങ്ങളും പറയും. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് ഒറ്റപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നാലും മനസ്സാക്ഷിയോട് നീതി പുലര്‍ത്തിയെന്ന് പറയാന്‍ ഞാന്‍ പറയേണ്ടത് പറയും. മന്ത്രി മനസിലാക്കണം. ആരെയും എതിര്‍ക്കാനോ പരിഭവം പറയാനോ അല്ല. ഇവിടെ ടീച്ചറും കുട്ടികളുമല്ല, മന്ത്രിയും എംഎല്‍എമാരുമാണ്. എന്തെങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക എന്ന് ആദ്യമേ പറയുന്നു” – മുനീര്‍ പറഞ്ഞു.