തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി.
സംസ്ഥാനത്ത് 4180 പേര് നിരീക്ഷണത്തിലാണ്. 3910 പേര് വീടുകളിലും 270 പേര് ആശുപത്രിയിലും ആണ്. പുതുതായി 900 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭയപ്പാടല്ല മുന്‍കരുതലും പ്രതിരോധവും തന്നെയാണ് വേണ്ടത്. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണം. ടൂറിസം, വ്യാപാരം ഇവയെ സ്തംഭിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവരില്‍ കൊവിഡ് വൈറസ് ബാധയേല്ക്കാതിരിക്കാന് പ്രത്യേക കരുതല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നിയന്ത്രിക്കും. രോഗമുണ്ടെന്ന സംശയമുള്ളവര്‍ നേരിട്ട് ആശുപത്രിയിലെത്തുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശികളെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യം ശരിയല്ല. അത് നാടിന് ദുഷ്പേര് ഉണ്ടാകാന്‍ കാരണമാകും. അതിന് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.