കുമ്പള: കളക്ടർക്ക് മുന്നിൽ നെഞ്ചുവിരിച്ച് പോയവനാണ് ഞാൻ,പിന്നല്ലേ വില്ലേജ് ഓഫീസർ, ഇത് കലക്ടറുടെ നിര്‍ദേശപ്രകാരം ജപ്തി നടപടിക്ക് നോട്ടീസ് പതിച്ചതിന്ഓഫീസിൽ കയറി മണല്‍ മാഫിയ തലവന്റെ ഭീഷണി. ബംബ്രാണ വനിതാ വില്ലേജ് ഓഫീസര്‍ കാസർകോട് നെല്ലിക്കുന്നു സ്വദേശിനി കീര്‍ത്തനയ്ക്കാണ് ഭീഷണി നേരിടേണ്ടി വന്നത്. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ഉളുവാറിലെ ഓണന്ത ലത്വീഫ് എന്ന അബ്ദുൽ ലത്തീഫാണ് വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ പി ആര് ബി ആക്ട് പ്രകാരം രണ്ടു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ സ്ഥാപന ജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്തുമെന്ന നോട്ടീസ് കഴിഞ്ഞ ദിവസം വനിതാ വില്ലേജ് ഓഫീസര്‍ ഓണന്ത ലത്വീഫിന്റെ വീട്ടില്‍ പതിച്ചിരുന്നു. ഇതറിഞ്ഞാണ് വില്ലേജ് ഓഫീസില്‍ കയറി തുടര്‍ നടപടിയുമായി മുന്നോട്ട് നീങ്ങിയാല്‍ കൊല്ലുമെന്ന് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. നേരത്തെ നടപടിയുടെ ഭാഗമായി കലക്ടറുടെ ഉത്തരവ് നല്കാന് പോയപ്പോള്‍ തോക്കു കാട്ടി ഭീഷണിപ്പെടുത്തിയതായും അഭ്യൂഹം ഉണ്ടെങ്കിലും കീർത്തന ഇത് ബി.എൻ.സിയോട് നിഷേധിച്ചു. കലക്ടറെയും ഉത്തരവ് നല്കാന് പോയ വില്ലേജ് ഓഫീസറെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് അന്ന് പരാതി നല്കാന് വനിതാ ഓഫീസര്‍ ഭയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ റവന്യൂ റിക്കവറി നോട്ടീസ് പതിച്ചതിന് ഓണന്ത ലത്വീഫ് വില്ലേജ് ഓഫീസില്‍ കയറി ഭീഷണി മുഴക്കിയത്. സമീര്‍ വധക്കേസ്, എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കിയ കേസ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഓണന്ത ലത്വീഫ്.