തിരുവനന്തപുരം: നിരവധി വിദേശികളെത്തുന്ന പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി. ഫെബ്രുവരി 28ന് ഇറ്റലിക്കാരായ 17 പേർ കൊട്ടാരം സന്ദർശിച്ചിരുന്നതായി കണ്ടെത്തി. വിദേശികളെത്തുന്ന സീസണായതിനാൽ നിരവധി പേർ കൊട്ടാരം സന്ദർശിക്കാൻ എത്തുന്നുണ്ട്.വൈറസ് വ്യാപനം തടയാനായി കൊട്ടാരം അടച്ചിടണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മ്യൂസിയം-പുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതേതുടർന്നുള്ള തീരുമാനങ്ങൾ വ്യാഴാഴ്ച ഉണ്ടായേക്കും. കേരളത്തിൽ ഡെങ്കിപ്പനി, എച്ച് 1 എൻ 1 രോഗങ്ങൾ ഉണ്ടായപ്പോൾ തമിഴ്നാടുമായുള്ള അതിർത്തിയിലെ കാവൽ ശക്തമായിരുന്നു. എന്നാൽ ലോകത്താകെ നാശം വിതയ്ക്കുന്ന കോവിഡ്-19യെ ചെറുക്കാൻ അത്തരത്തിലൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പോണ്ടിച്ചേരിയിലെയും കള്ളിക്കാട്ടെയും ചില ആശ്രമങ്ങളിൽ നിന്ന് വിദേശികൾ കൊട്ടാരത്തിലേക്ക് എത്തുന്നുണ്ട്. കോവിഡ്-19 ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. രണ്ടാഴ്ച മുമ്പ് കൊട്ടാരത്തിലെത്തിയ ഇറ്റലിക്കാരും ഒരു ആശ്രമത്തിൽ നിന്നാണെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ തന്നെ നിരവധി രാജ്യങ്ങളിലെ സഞ്ചാരികൾ കൊട്ടാരത്തിലെത്തിയിരുന്നു. ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാനും കൊട്ടാരത്തിലെത്തുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ നടപടികൾക്കെതിരെ ചിലർ വിമുഖത കാട്ടുകയാണെന്നും വിദേശികളോടൊപ്പമെത്തുന്ന ഗൈഡുകളും സഹകരിക്കുന്നില്ലെന്ന് കൊട്ടാരത്തിലെ ജീവനക്കാർ പറഞ്ഞു.വിദേശികൾ കൊട്ടാരത്തിലെത്തുന്നത് തടയണമെന്നും, കൊട്ടാരവളപ്പിൽ പരിശോധനകൾക്ക് സൗകര്യങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം സർക്കാറാണ് എടുക്കുന്നതെന്ന് കൊട്ടാരം അധികൃതർ നാട്ടുകാരെ അറിയിച്ചു. പുരാവസ്തു വകുപ്പിന് നിരവധി മ്യൂസിയങ്ങളുണ്ടെന്നും പദ്മനാഭപുരം കൊട്ടാരം മാത്രം അടച്ചിടാൻ കഴിയില്ലെന്നും ഡയറക്ടർ കെ.ആർ. സോന അറിയിച്ചു. സർക്കാർ ഉടൻ തന്നെ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറക്ടർ പറഞ്ഞു.