കാസര്‍കോട്: നഗരത്തില്‍ കാര്‍ നിര്‍ത്തിയിട്ട് പഴക്കടയില്‍ നിന്നും പഴം വാങ്ങുന്നതിനിടെ കാറില്‍ വെച്ചിരുന്ന വ്യാപാരിയുടെ മൂന്നു ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് നഗരത്തിലാണ് സംഭവം. ചെര്‍ക്കള സ്വദേശി ഷരീഫിന്റെ പണമാണ് നഷ്ടപ്പെട്ടത്. ചെര്‍ക്കളയില്‍ വ്യാഴാഴ്ച തുറക്കുന്ന എ ബി സി ഡി വസ്ത്രാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ജ്യൂസുണ്ടാക്കാനുള്ള പഴങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഷരീഫ്.
കാര്‍ ബദ് രിയ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട് തൊട്ടടുത്തുള്ള പഴക്കടയില്‍ പോയതായിരുന്നു. ഈ സമയം കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോഴേക്കും മുന്‍ വശത്തെ സീറ്റില്‍ സൂക്ഷിച്ചിരുന്ന പണം കാണാനില്ലായിരുന്നു. വസ്ത്രാലയത്തിലേക്ക് വരുന്ന പാര്‍സലിന് നല്‍കാനായാണ് പണം കൊണ്ടുവന്നത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. സമീപത്തെ സി സി ടി വി പരിശോധിച്ചതില്‍ നിന്നും ഒരാള്‍ കാറിനടുത്തെത്തി പണം എടുത്തുകൊണ്ടുപോകുന്നതായി കണ്ടെത്തി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.