മിലാന്: ആഗോളവ്യാപകമായി കൊറോണ വൈറസ് കായികമേഖലയേയും ബാധിച്ചു തുടങ്ങി. ഇപ്പോഴിതാ സിരി എ ഫുട്ബോളറും യുവന്റസ് താരവുമായ ഡാനിയല്‍ റുഗാനിക്കു വൈറസ് സ്ഥിരീകരിച്ചു. റുഗാനിയെ ഐസൊലേഷനിലേക്കു മാറ്റി. ഇറ്റാലിയന്‍ ക്ലബ്ബ് അധികൃതരാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ ഫുട്ബോള്‍ താരമാണ് റുഗാനി. കഴിഞ്ഞ ഏഴു വര്‍ഷമായി യുവന്റസിന് ഒപ്പമാണു റുഗാനി കളിക്കുന്നത്. ഇന്റര്‍മിലാനെതിരായ യുവന്റസിന്റെ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. താരവുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണു ക്ലബ് അധികൃതര്‍.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണു റിപ്പോര്‍ട്ട്. ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോ ഉള്ളത്.
അതേസമയം, ഫ്രഞ്ച് ഫുട്ബോളര് കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ഇല്ലെന്ന് ഇന്നലത്തെ പരിശോധനില്‍ സ്ഥിരീകരിച്ചിരുന്നു. കൊറൊണ പടരുന്നതിനാല്‍ പനിയും മറ്റ് ലക്ഷണങ്ങളും ഉള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്.
കൊറോണ പടരുന്ന ഈ സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.