പത്തനംതിട്ട : കോവിഡ് 19 മായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ പ്രാഥമിക പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് എന്നു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു
ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാഫലം നെഗീറ്റവായ മറ്റ് അഞ്ചു പേരെയും വീടുകളിലേക്കു മാറ്റും. കഴിഞ്ഞ ദിവസങ്ങളില്‍ അയച്ചിട്ടുള്ള 14 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി ആറു പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു വയസു വീതമുള്ള രണ്ട് കുഞ്ഞുങ്ങളും നിരീക്ഷണത്തിലുണ്ട്. ഇവരുടെ അമ്മമാരെയും ഐസൊലേന്‍ വാര്‍ഡില്‍ പരിചരണത്തിനായി ഒപ്പം നിര്‍ത്തിയിരിക്കുകയാണ്.
25 പേരാണ് നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചു പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും രണ്ടു പേര് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലുണ്ട്. 900 പേരെയാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
ഇറ്റലിയില്‍നിന്നെത്തിയ റാന്നി ഐത്തല സ്വദേശികള്‍ക്കും ഇവരുമായി നേരിട്ട് സന്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി സന്പര്ക്കമുണ്ടായിരുന്നവരെയാണ് ആശുപത്രികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിലേക്കു മാറ്റി തുടര്‍ പരിശോധന നടത്തുകയാണ് ചെയ്തുവരുന്നത്.
ഇതുകൂടാതെ 900ല്‍ അധികം ആളുകളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലായാണ് ഇവരുള്ളത്. ആവശ്യക്കാര്‍ക്കു ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ക്രമീകരണമായിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. പുറത്തേക്കിറങ്ങാനാകാത്ത സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമായ പല കുടുംബങ്ങളും പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
രോഗബാധിതരുമായി നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും മറ്റുള്ളവര്‍ 14 ദിവസവുമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ആശുപത്രികളില്‍ പരിശോധന നടത്തി ഫലം നെഗറ്റീവെന്നു തെളിഞ്ഞാലും ഇവരും 14 ദിവസമെങ്കിലും നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം. ഇക്കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വീണ്ടും പരിശോധകള്‍ക്കു വിധേയമാക്കും.