ക്രൈസിസ് മാനേജര്‍ ഡി.കെ. ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും മുന്‍നിരയിലേക്ക് വരാന്‍ കോണ്‍ഗ്രസിന്റെ തിരക്കിട്ട ശ്രമങ്ങള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ കര്‍ണാടക പിസിസി അധ്യക്ഷനായി നിയമിച്ചാണ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ പിസിസി അധ്യക്ഷ സ്ഥാനവും രാജ്യസഭ സീറ്റും നല്‍കാത്തതില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് ഡികെയെ കര്‍ണാടക അധ്യക്ഷനാക്കിയതെന്നതും ശ്രദ്ധേയമാണ്.
കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കര്‍ണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനെന്ന് അറിയപ്പെടുത്ത ഡികെ ശിവകുമാര്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കിങ് മേക്കറായി കോണ്‍ഗ്രസിനെ രക്ഷിച്ചിട്ടുമുണ്ട്.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ചുക്കാന്‍ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയതും ഡികെ എന്ന് അറിയപ്പെടുന്ന ശിവകുമാറായിരുന്നു. അതേസമയം, ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ജെഡിഎസിലെ ഒരുവിഭാഗം കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.