കോലഞ്ചേരി: കൊറോണയേക്കാൾ ഭീകരം നാട്ടിലെ വൈറസുകൾ. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കുറേപ്പേർ പേപ്പട്ടിയേപ്പോലെ കാണുന്നുവെന്ന യുവാവിന്റെ വീഡിയോ വൈറലായി. ഇറ്റലിയിൽ നിന്നുള്ള വടയമ്പാടി സ്വദേശിയുടേതാണ് സങ്കടങ്ങൾ. മെഡിക്കൽ വിദ്യാർത്ഥികളായ അഞ്ചംഗ സംഘം കഴിഞ്ഞ 28 ന് നെടുമ്പാശേരിയിലിറങ്ങിയതാണ്. മെഡിക്കൽ കൗണ്ടർ മുഖാന്തിരം കളമശേരി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിൽ എത്തി രക്ത സാമ്പിളുകൾ കൊടുത്ത് സംഘത്തിലെ ഒരാളുടെ ആളൊഴിഞ്ഞ ബന്ധു വീട്ടിലേയ്ക്ക് മാറി. നെഗറ്റീവായിരുന്നു ഫലമെങ്കിലും പതിനാല് ദിവസത്തെ ഐസൊലേഷൻ സ്വയം ഏറ്റെടുത്ത് തുടർന്നു. അതിനിടയാണ് ഇവർക്കും കുടുംബത്തിനും നാട്ടുകാർ വിലക്കേർപ്പെടുത്തുന്ന വിധം കാര്യങ്ങൾ തകിടം മറിഞ്ഞത്.വാട്സപ്പു വഴിയുള്ള വ്യാജ പ്രചരണങ്ങളിൽ മനം മടുത്തപ്പോൾ സംഘത്തിലൊരാൾ വീഡിയോ ലൈവുമായി വന്നതോടെ ഇവരുടെ സങ്കടം പുറംലോകമറിഞ്ഞു.29 ന് പത്തനംതിട്ട സ്വദേശികളും തങ്ങളെ പോലെ ചെയ്തിരുന്നെങ്കിൽ ഇന്നുള്ള നാടിന്റെ ഭീകരമുഖം ഉണ്ടാകില്ലെന്ന മുഖവുരയോടെയാണ് വീഡിയോ തുടങ്ങുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ ചെയ്യാൻ പോലും ഭയക്കുകയാണെന്നാണ് യുവാവിന്റെ പരാതി. താമസിക്കുന്ന വീടിന്റെ ജനൽ തുറക്കുന്നതിനെ പോലും അയൽവാസികൾ എതിർത്തു.പുത്തൻകുരിശ് സ്വദേശിയായ മറ്റൊരു സുഹൃത്തിന്റെ പിതാവിനെ വിവാഹ വീട്ടിൽ നിന്നിറക്കി വിടാൻ ശ്രമമുണ്ടായി. പുത്തൻകുരിശ് സ്വദേശികൾക്ക് കൊറോണ എന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ യുവാവിന്റെ പിതാവിനോട് മകൻ ഒറ്റക്ക് വീട്ടിൽ നില്ക്കട്ടെ മറ്റുള്ളവരെ പറഞ്ഞു വിടണമെന്നു വരെ ഭീഷണിപ്പെടുത്തി. ഇങ്ങനെ പോകുന്നു പരാതികൾ. ഇറ്റലിയിൽ നിന്നും ഭയന്നാണ് സ്വന്തം നാട്ടിലേക്കെത്തിയത്. ഇതിലും ഭേദം ഇറ്റലിയാണെന്ന തോന്നൽ വരെയുണ്ടായി. ഉപദ്രവം അവസാനിപ്പിക്കണമെന്നാണ് യുവാവിന്റെ അഭ്യർത്ഥന.