തിരുവനന്തപുരം:കൂറുമാറ്റി ഭരണം പിടിക്കാനുള്ള ബിജെപിയുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്ന് ടി എം തോമസ് ഐസക്. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ നിലപാട്. ഏതു നിസാരകാരണം പറഞ്ഞും ഇവര്‍ക്കു ബിജെപിയെ പുല്കാന് കഴിയുന്നതിനു കാരണം, കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുമ്പോഴും പയറ്റിയത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടവുകള്‍ തന്നെ ആയിരുന്നതുകൊണ്ടാണെന്നും തോമസ് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഒരു നേതാവിന് ചെയ്യാന്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലത്രേ. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്കത്തിലെ ഒരു ന്യായമാണ്. നോക്കൂ. സംഘ പരിവാറിന്റെ കിരാത ഭരണം രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുമ്പോള്‍, സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടംതിരിയുമ്പോള്‍, സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപിയെ കൈയൊഴിയുമ്പോള്‍, തനിക്ക് പാര്‍ടിയ്ക്കുള്ളില്‍ ചെയ്യാന്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് പരിതപിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് രായ്ക്കുരാമാനം ബിജെപിയിലേയ്ക്ക് കാലു മാറുന്നു. കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തിന് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്പര്യം സംരക്ഷിക്കാനാവില്ലത്രേ.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്പര്യം അവിടെ നില്ക്കട്ടെ. എന്താണ് ഇവരുടെ താല്പര്യം? ആ താല്പര്യത്തില് ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഇടമുണ്ടോ? അങ്ങനെയൊരു ആലോചനയുണ്ടെങ്കില്‍ ഇങ്ങനെയൊന്നുമാവില്ലല്ലോ സംഭവിക്കുക.
ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ. അധികാരത്തിനുവേണ്ടി കൂറുമാറി എന്ന ലളിതയുക്തിയുടെ മറ പിടിച്ച് ഒഴിഞ്ഞു മാറരുത്.