കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുടെ ഗൂഢാലോചനയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തുടക്കം മുതലേ ഇടപെട്ടതായി വിജിലന്‍സ് കണ്ടെത്തി. അഞ്ച് കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി . പിന്നീട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും ഉത്തരവിറക്കുകയായിരുന്നു.
ആര്‍ഡിഎസ് പ്രൊജക്ട്സിന് തന്നെ കരാര്‍ ലഭിക്കണമെന്ന ഗൂഢ ഉദ്ദേശ്യത്തോട വി കെ ഇബ്രാഹിം കുഞ്ഞും പൊതുമരാമാത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജും പ്രവര്‍ത്തിച്ചു എന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കരാറുകാരന് അമിത ലാഭം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി പാലാരിവട്ടം പാലത്തിന് നിര്‍മാണ അനുമതി നല്കുന്ന ഘട്ടം മുതല്‍ ചട്ടങ്ങള്‍ ലംഘിച്ചു. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് ബിസിനസ് ചട്ടം. ധനകാര്യവകുപ്പിന്റെ അംഗീകാരവും വേണം. എന്നാല്‍ പാലാരിവട്ടം പാലം നിര്‍മാണത്തിന് ഭരണാനുമതി നല്കി ടി ഒ സൂരജ് ഉത്തരവിറക്കിയത് ഇതൊന്നും പാലിക്കാതെയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് നിര്‍മാണച്ചുമതലയും നല്കി. ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി.
അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ അനുമതിയോടെയാണ് ടി ഒ സുരജ് ചട്ടം ലഭിച്ച് ഉത്തരവിറക്കിയതെന്ന് വിജിലന്‍സിന്റ അന്വേഷണത്തില്‍ ബോധ്യമായി. മന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഉത്തരവിറക്കിയത് എന്നായിരുന്നു ചോദ്യം ചെയ്യലില്‍ സുരജിന്റെ മൊഴി. എന്നാല്‍ സുരജ് സ്വന്തം നിലയില്‍ ചെയ്ത നടപടിയെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.
പിന്നീട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാലം നിര്‍മാണത്തിന് ഭരണാനുമതി നല്കി പുതിയ ഉത്തരവിറക്കി. പത്ത് സ്പീഡ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത് . ധനകാര്യവകുപ്പിന്റെ അംഗീകാരവും മന്ത്രിസഭയുടെ അനുമതിയും വാങ്ങി, നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ഉത്തരവ്. രണ്ടാമത്തെ ഉത്തരവിന് മാത്രമേ നിയമപ്രാബല്യം ഉള്ളൂവെന്ന് ഇബ്രാഹിം കുഞ്ഞും ചോദ്യം ചയ്യെലില്‍ സമ്മതിച്ചിട്ടുണ്ട്.