കന്യാകുമാരി : കാമുകിക്കൊപ്പം ഒളിച്ചോടിയ പൊലീസ് ഡ്രൈവറെ കന്യാകുമാരി കടൽത്തീരത്ത് വിഷം കഴിച്ച് മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. തൃശൂർ പൊലീസ് അക്കാഡമിയിലെ ഡ്രൈവറായ കൊല്ലം പേരൂർ തട്ടാർക്കോണം പരുത്തിപ്പള്ളി വീട്ടിൽ ബോസാണ് (37) മരിച്ചത്. ഇയാളുടെ കാമുകിയും കിളികൊല്ലൂർ സ്വദേശിനിയുമായ യുവതിയെ (33) ലോഡ്ജ് മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. അബോധാവസ്ഥയിലായ ഇവർ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം.
കഴിഞ്ഞ മാസം നാലാം തീയതി മുതൽ ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബോസ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒപ്പമുണ്ടായിരുന്ന യുവതി വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. സഹപാഠികളായിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് അറിയുന്നത്. കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ ഈ മാസം ആറ് മുതലാണ് ഇവർ റൂം വാടകയ്ക്ക് എടുത്തത്. പകൽ മുഴുവനും ചുറ്റി കറങ്ങിയിട്ട് രാത്രിയിലാണ് ഇവർ മുറിയിൽ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു. ഇന്നലെ രാവിലെ 5.30ന് മത്സ്യത്തൊഴിലാളികളാണ് ബോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കന്യാകുമാരി പൊലീസിന് വിവരം നൽകി.
പൊലീസ് പരിശോധിച്ചപ്പോൾ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിന്റെ മേൽവിലാസം ലഭിച്ചു. തുടർന്ന് ലോഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ ഇരുവരും വിഷം കഴിച്ചതായി വ്യക്തമായി.