ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍,രാജീവ് ഗാന്ധിയുടെ പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്ന് സൂചന.
എം.എഫ്. ഹുസൈന് വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് 10 വര്‍ഷം മുമ്ബ് രണ്ട് കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്. മുംബൈയിലെ ഇഡി ഓഫീസില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ പ്രസ്താവനയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിത്രം പ്രിയങ്കയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങാന്‍ കോണ്‍ഗ്രസിന്റെ മുന്‍ സൗത്ത് മുംബൈ എംപി മിലിന്ദ് ദിയോറ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കപൂര്‍ അവകാശപ്പെട്ടു.
ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.