കാസർകോട് :മഞ്ചേശ്വരം വോർക്കാടി പഞ്ചായത്തിലെ മജിർപള്ളയിൽ പ്രവർത്തിക്കുന്ന യുവസേന മജീർപ്പള്ള ക്ലബ് ഹിന്ദുക്കൾക്ക് മാത്രം എന്ന നിബന്ധനയുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കളിക്കളങ്ങളെ വർഗീയവാദികൾക്ക് വിട്ടുകൊടുക്കില്ല എന്ന സന്ദേശവുമായി സെക്കുലർ കായികമേളകൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ബേക്കൂരിലെ ഹിരണ്യ ക്ലബ് ഇതേ നിലയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നത്. ഇതിനെതിരായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വലിയ നിലയിലുള്ള ക്യാമ്പയിനുകൾ ഏറ്റെടുക്കുകയും അതേ തുടർന്ന് അധികാരികൾ ഇടപെട്ട് മത്സരം നിർത്തിവെപ്പിക്കുകയും ചെയ്തു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് കർണാടക അതിർത്തിയോട് ചേർന്ന മഞ്ചേശ്വരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്നത്. ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയുമെല്ലാം തകർത്ത് രാജ്യം വർഗീയ കലാപഭൂമിയാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ബിജെപിയും കേന്ദ്രസർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലും മതപരമായ വിഭജനത്തിനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെയാണ് കളിക്കളങ്ങളെപ്പോലും വർഗ്ഗീയ വിഭജനത്തിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഡിവൈഎഫ്ഐ നടത്തിയ ശക്തമായ ക്യാമ്പയിനെ തുടർന്ന് സംഘപരിവാർ അനുകൂല സംഘടനകളും, ക്ലബ്ബുകളും ഇത്തരം പരിപാടികളിൽ നിന്ന് പിറകോട്ട് പോയിരുന്നു. എന്നാൽ വീണ്ടും ഇതേ നിലയിൽ ഒരു മതവിഭാഗത്തിന് മാത്രമായി എന്ന നിലയിൽ ടൂർണമെന്റുമായി മജീർപ്പള്ള യുവസേന രംഗത്തിറങ്ങിയത് സൗഹൃദവും സമാധാനാന്തരീക്ഷവും തകർക്കാനാണ്. കളികളെ പോലും വർഗീയവൽക്കരിക്കുന്ന നീക്കം നടത്തിയ ടൂർണമെന്റ് തടയണമെന്നും സംഘടകർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരായി മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ഇത്തരം വർഗീയവാദികളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർഥിച്ചു.