കാസർകോട് : കൊറോണ( കോവിഡ്-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു നിര്‍ദ്ദേശം നല്കി. വിദേശികളും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും നിര്‍ബന്ധമായും ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമില്‍ അറിയിക്കണം. അറിയിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന വിദേശികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് കണ്ട്രോള് റൂമിന് അടിയന്തിരമായി കൈമാറണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാതൊരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
മാര്‍ച്ചില്‍ 31 വരെ ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി
ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ബാക്കിയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് 31 വരെ അവധി ബാധകമാണ്.പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. എട്ട് ,ഒമ്പത്, പത്ത് ,പ്ലസ്വണ്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ അതീവ സുരക്ഷയോടെ കൃത്യമായി നടക്കും. നിരീക്ഷണത്തിലുള്ളവര്‍ പരീക്ഷയെഴുതാന്‍ എത്തിയാല്‍ അവര്‍ക്കായി പ്രത്യേക സജീകരണങ്ങള്‍ ഒരുക്കും. കേന്ദ്രീയ വിദ്യാലയങ്ങള്‍,നവോദയാ വിദ്യാലയം, അങ്കണവാടികള്‍, മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. അങ്കണവാടികളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കും. അവധിക്കാല പഠനകേന്ദ്രങ്ങള്‍, ട്യൂട്ടോറിയല്‍ കോളേജുകള്‍ എന്നിവയും പ്രവര്‍ത്തിക്കരുത്.. സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍, സാസ്കാരിക പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവയും നടത്താന്‍ പാടില്ല.
മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ പാടില്ല
അദാലത്തുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തി വെച്ചു. സിനിമ തീയേറ്ററുകള്‍ അടക്കണം. ആരാധനാലയങ്ങളിലെ അനുഷ്ഠാന കര്‍മ്മങ്ങള്‍ നടത്താം. എന്നാല്‍ ഉത്സവങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ വിവാഹ പരിപാടികളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൊറോണ ആശങ്കയില്‍ ജില്ലയിലെത്തുന്ന വിദേശികളോട് മോശമായി പെരുമാറാന്‍ പാടില്ലെന്നും അവരെ ഒറ്റപ്പെടുത്തുന്ന നിലപാട് യാതൊരു കാരണവശാലും പൊതുജനങ്ങളില്‍ നിന്നുണ്ടാവരുതെന്നും കളക്ടര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്ട്രോള് സെല്ലിനെ വിവരമറിയിക്കണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശാ നമ്പറുമായി ബന്ധപ്പെടണം. 0471 2552056, ടോള്‍ ഫ്രീ നമ്പര്‍ 1056, കൊറോണ കണ്ട്രോള് സെല്‍ നമ്പര്‍( കാസര്‍കോട്) 9946000493.
കേന്ദ്രീയ വിദ്യാലയ ങ്ങള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകം
കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍് ജില്ലയിലെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നവോദയ വിദ്യാലയത്തിനും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി ബാധകമായിരിക്കുമെന്ന് സ്ഥാപനങ്ങളുടെ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു
ഐസോലേഷനില്‍ ഉളളവരും അവരെ പരിപാലിക്കുന്നവരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
1. വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.
2. രോഗിയെ പരിചരിക്കുന്നവര്‍ മാസ്ക്, കയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
3. രോഗിയുടെ ശരീര സ്രവങ്ങളുമായി നമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
4. രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
5. കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവ്വലോ, തുണികൊണ്ടുളള ടവ്വലോ ഉപയോഗിക്കുക.
6. ഉപയോഗിച്ച മാസ്കുകള്‍, ടവ്വലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പാത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റുളളവരുമായി പങ്ക് വെക്കാതിരിക്കുക.
8. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെളളത്തില്‍ 3 ടിസ്സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കുക
9. സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക