കോഴിക്കോട്: ( 10.03.2020) കാക്കകള്‍ക്ക് പിന്നാലെ കാരശ്ശേരി കാരമൂലയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍ പഞ്ചായത്തിന് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി.
ഇരുപത്തിയഞ്ചോളം വവ്വാലുകളെയാണ് ചത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഇവയെ മൂന്നടിയോളമുള്ള കുഴിയെടുത്ത് മൂടി. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കാരമൂല വല്ലത്തായിപ്പാറ റോഡിന് സമീപത്തെ മദ്രസയുടെ അടുത്തായാണ് വവ്വാലുകള്‍ ചത്ത് കിടന്നത്. തിങ്കളാഴ്ച രാത്രി ഇവ അസാധാരണമായി ശബ്ദമുണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു. വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് ഭാഗത്ത് കാക്കകളേയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകളേയും കണ്ടെത്തിയത്.
പക്ഷിപ്പനിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധം ശക്തമാക്കുന്നതിനിടെ ചിലര്‍ പക്ഷികളെ കടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വലിയ തിരിച്ചടിയാവുന്നുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2060 പക്ഷികളെയാണ് കൊന്നൊടുക്കിയത്.