തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ്, മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഈ തീരുമാനമെടുത്തത്.
സിനിമാ തീയറ്ററുകളും നാടകം പോലുള്ള കലാപരിപാടികളും ഈ മാസം 31 വരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിരുന്നു. ഉത്സവവും പെരുന്നാളും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ ഒരു പ്രവര്‍ത്തനവും ഈ കാലയളവില്‍ പാടില്ല. വാര്‍ഷിക ആഘോഷങ്ങള്‍, കലാപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കണം. അങ്കണവാടികളില്‍ കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കണം.
ഉത്സവങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നത് ദോഷംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം വ്യാപിക്കാന്‍ ഇത് ഇടവയ്ക്കും. അതു കണക്കിലെടുത്ത് ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കും. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകള്‍ മാത്രമായി നടത്തണം. ശബരിമലയില്‍ ദര്‍ശനത്തിന് ആളുകള്‍ പോവാതിരിക്കണം. അവിടെ പൂജകള്‍ മാത്രം നടത്തണം.
വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തണം. ഇക്കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തും. ഓഫിസുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കും. സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കും.