വരാണസി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ശക്തമാകുന്നതിനിടെ ഇവിടെയിതാ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്ക്ക് അണിയിച്ചിരിക്കുകയാണ് പൂജാരി. വരാണസിയിലെ പ്രഹ്ലാദേശ്വര്‍ ക്ഷേത്രത്തിലാണ് സംഭവം.
മാത്രമല്ല ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരോട് ഒരു കാരണവശാലും വിഗ്രഹത്തില്‍ തൊടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും പൂജാരി നല്‍കിക്കഴിഞ്ഞു.
‘കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഭഗവാന് വിശ്വനാഥന് ഒരു മാസ്ക് ഇട്ടുകൊടുത്തിരിക്കുകയാണ്. തണുപ്പുള്ളപ്പോള്‍ വിഗ്രഹങ്ങളില്‍ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടുള്ള സമയത്ത് എസികളോ ഫാനുകളോ ഇടുന്നതുപോലെയും ഭഗവാന് വിശ്വനാഥനെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിപ്പിക്കുകയായിരുന്നു ഞങ്ങള്‍’, എന്നാണ് ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞത്.
വൈറസ് പടാരാതിരിക്കാന്‍ വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ലെന്ന് ഭക്തരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ വിഗ്രഹത്തില്‍ തൊട്ടാല്‍ വൈറസ് പടര്‍ന്നുപിടിക്കുകയും കൂടുതല്‍ പേരിലേക്ക് അത് എത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യമെങ്ങും ആളുകള്‍ തികഞ്ഞ ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ മാസ്കുകളും മറ്റും ധരിച്ചാണ് ആളുകള്‍ പൊതുയിടങ്ങളില്‍ എത്തുന്നത്.