തിരുവനന്തപുരം : കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാല് പേര് ഇറ്റലിയില്‍ നിന്ന് വന്നവരാണ് 8 പേര് അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1116 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 967 പേര് വീടുകളിലാണ്. 149 പേര് ആശുപത്രിയിലുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ അയച്ചതില്‍ 717 ന്റേയും ഫലം നെഗറ്റീവ് ആയിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.
സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. കോവിഡ് 19 വ്യാപനം തടയാന്‍ സാധാരണ നിലയിലുള്ള ജാഗ്രത പോര. സ്ഥിതി നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ബഹുജന സംഘടനകളും മുന്നിട്ടിറണം. ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തുള്ള കാര്യം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ ശക്തവും വിപുലവുമായി ഇടപെടല്‍ തുടരണം. അതിന്റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും പുതിയ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസുമുതല്‍ 7ാം ക്ലാസുവരെയുള്ള സ്കൂള്‍ മാര്‍ച്ച് മാസം പൂര്‍ണമായി അടച്ചിടുക എന്നതാണ്. 8,9 ക്ലാസുകളില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ജാഗ്രത പുലര്‍ത്തും. എന്നാല്‍ ക്ലാസുകള്‍ ഇനി നടക്കേണ്ടതായിട്ടില്ല. സി.ബി.എസ്.സി ഐ.സി.എ്സ. സി എന്നിവര്‍ക്കെല്ലാം ഇത് ബാധകമാണ്.