ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത് നല്കി. ഇതോടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായി. സിന്ധ്യയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി കോണ്‍ഗ്രസിലുണ്ടായിരുന്ന താന്‍ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. രാവിലെ പ്രധാനമന്ത്രി അമിത് ഷായുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും സിന്ധ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി സിന്ധ്യ കൂടിക്കാഴ്ച്ച നടത്തുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായി അറിയപ്പെടുന്ന സിന്ധ്യ, മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ജനകീയ കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. സിന്ധ്യക്കൊപ്പമുള്ള എംഎല്‍എമാര്‍ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലാണ്. ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
230 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 114ഉം ബിജെപിക്ക് 107 ഉം എംഎല്‍എമാരാണുള്ളത്. നാല് സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയിലാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് സിന്ധ്യയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയത്. പിസിസി അധ്യക്ഷനാകണമെന്ന സിന്ധ്യയുടെ ആഗ്രഹവും നടന്നില്ല. രാഹുല്‍ഗാന്ധി ഇടപെട്ട് സിന്ധ്യയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും കമല്‍നാഥും സിന്ധ്യയും പരസ്യ ഏറ്റുമുട്ടല്‍ തുടര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പുമുണ്ട്. രാഹുല്‍ഗാന്ധി നേതൃസ്ഥാനം ഒഴിഞ്ഞതോടെ സിന്ധ്യ കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ അകന്നു. സിന്ധ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശേഷണം പൊതുപ്രവര്ത്തകന്, ക്രിക്കറ്റ് പ്രേമി എന്നാക്കി മാറ്റി.
അതിനിടെ ബിജെപിയും എംഎല്‍എമാരുടെ യോഗം വിളിച്ചതായാണ് റിപ്പോര്‍ട്ട്. സിന്ധ്യയുടെയും അനുകൂലികളുടെയും ഫോണുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ നേരത്തെ പറഞ്ഞു.