കോഴിക്കോട്: വെങ്ങേരി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കി. മുക്കം നഗരസഭാ പരിധിയില്‍ കോഴി ഫാമുകള്‍ക്കും ചിക്കന്‍ സ്റ്റാളുകള്‍ക്കും താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കണ്ണൂരിലേക്കുള്ള കോഴി കടത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
മുക്കം നഗരസഭ പരിധിയിലെ മുഴുവന്‍ ചിക്കന്‍ ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും ലൈസന്‍സ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നത് വരെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുട്ട വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ക്ക് വിലക്ക് ബാധകമാണ്. രോഗം വ്യാപിക്കാതിരിക്കാന്‍ അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്. കോഴിക്കോട് താമരശ്ശേരി മേഖലകളില്‍ മാത്രം 2000 കോഴി ഫാമുകളുണ്ട്. ലക്ഷക്കണക്കിന് കോഴികളാണ് ഫാമുകളില്‍ ഉള്ളത്. രോഗ ഭീതി പടര്‍ന്നതിനെ തുടര്‍ന്ന് രോഗ ഭീഷണി ഇല്ലാത്ത പ്രദേശങ്ങളിലും വില്‍പ്പന കുറഞ്ഞു.
കോഴി ഫാമുകളിലല്ല, നേരെ മറിച്ച് ഒരു സ്ത്രീ വളര്‍ത്തുന്ന 20 കോഴികളില്‍ 18 എണ്ണം ചത്തതാണ് രോഗ നിര്ണയത്തിലെത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് കോഴികളെ കയറ്റി അയക്കുന്നത് താമരശ്ശേരി, കോഴിക്കോട് മേഖലകളില്‍നിന്നാണ്. രോഗം മറ്റ് കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ രോഗ ബാധിത മേഖലകളിലെ വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കാന്‍ തുടങ്ങി. കൊന്ന പക്ഷികളെ അഞ്ചടി ആഴത്തിലുള്ള കുഴി എടുത്ത് ചുട്ട് കളയുകയാണ് ചെയ്യുന്നത്. 1700 കോഴികളെയാണ് ഇന്നലെ കൊന്നത്. ഇന്നും നാളെയും കൂടി 15000 കോഴികളെ കൊന്നൊടുക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
വന്‍കിട കമ്ബനികളുടെ ഹൈടെക് ഫാമുകള്‍ ഉള്‍പ്പെടെ 2000ല്‍ അധികം ഫാമുകള്‍ കോഴിക്കോട്, താമരശ്ശേരി മേഖലകളിലില്‍ ഉണ്ട്. ദിവസേന 1500 കോഴികളുള്ള 20 ലോറി ലോഡുകളാണ് ഇവിടെനിന്ന് പോകുന്നത്. സാമ്ബത്തികമായി കനത്ത നഷ്ടം സഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോഴി കര്‍ഷകരുടെ യൂണിയന് ജില്ലാ സെക്രട്ടറി ടി. നാരായണന് ആവശ്യപ്പെട്ടു. ഫാമുകളില്‍ കെട്ടികിടക്കുന്ന കോഴികളെ വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായും കര്‍ഷകര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.