ന്യുഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കേരളത്തിലെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായ നടപടിയെ വിമര്‍ശിക്കും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് ഭരണഘടന വായിക്കണമെന്നും മുരളീധരന് പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയ റിപ്പോര്‍ട്ടിംഗിന്റെ പേരിലല്ല, കേബിള്‍ ട്രാന്സ്മിഷന് ബ്രോഡ്കാസ്റ്റിംഗ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനപ്പുറം ഒന്നുമില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മുഖ്യമന്ത്രിക്ക് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം ഭരണഘടന മനസ്സിലാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍. ആദ്യം അദ്ദേഹം ഭരണഘടന വായിക്കട്ടെ, എന്നിട്ട് പ്രതികരിക്കണമെന്നും മുരളീധരന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നയാളാണെന്ന് വിലക്ക് പെട്ടെന്ന് പിന്‍വലിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മുരളീധരന് മറുപടി നല്കി. അടിയന്തരാവസ്ഥകാലത്ത് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജയില്‍വാസം അനുഷ്ഠിച്ചവരാണ് തങ്ങള്‍. മാധ്യമങ്ങളെ വിലക്കാന്‍ തങ്ങളില്ല.
എന്നാല്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കണ്ടാല്‍ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ കഴിഞ്ഞ ദിവസം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ നടപടി വിവാദമായിരുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.