കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 സ്ഥിരീകരണം. എറണാകുളത്ത് മുന്നു വയസുള്ള കുട്ടിക്കാണ് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഏഴാം തിയതി രാവിലെ 6.30 നാണ് ഇറ്റലിയില്‍ നിന്നും കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ കുട്ടിയെ മാതാപിതാക്കള്‍ നേരിട്ട് വിമാനത്താവളത്തില്‍ യൂണിവേഴ്സല്‍ സ്ക്രീനിങ്ങിന് വിധേയമാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇറ്റലിയില്‍ നിന്നും ദുബായ് വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്.ഇ കെ 530 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഈ വിമാനത്തില്‍ സഞ്ചരിച്ച മറ്റു യാത്രികരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. വിമാനത്താവളത്തില്‍ കുട്ടിയുമായും ഇടപഴകിയവരും നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.