തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ എത്തിയവർക്ക് എകെജി സെൻ്ററിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം. എല്ലാവർക്കും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉത്സവാശംസകളും. കോടിയേരി ഫേസ്ബുക്കിലാണ് ആശംസ നേർന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആറ്റുകാൽ പൊങ്കാലയിടാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ തലസ്ഥാന നഗരിയിൽ എത്തിചേർന്നിരിക്കുന്നു. പതിവുപോലെ എകെജി സെൻ്ററിന് മുന്നിലും പൊങ്കാലയടുപ്പുകൾ നിരന്നിട്ടുണ്ട്. ഇവിടെ നല്ല വെയിലാണ്. സെൻ്ററിലെ പ്രവർത്തകർ ഭക്തകൾക്ക് വേണ്ടി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനായി നൽകുന്നുണ്ട്. തീയുടെയും വെയിലിൻ്റെയും ചൂടിൽ നിന്ന് മാറി ചില വിശ്വാസികൾ എകെജി സെൻ്ററിൻ്റെ പൂമുഖത്ത് വിശ്രമിക്കുന്നു.
പൂർണമായും ഹരിതചട്ടം പാലിച്ചാണ് പൊങ്കാലയെന്നാണ് മനസിലാക്കുന്നത്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്തിൽ സർക്കാർ സംവിധാനങ്ങളൊക്കെ സജ്ജമാണ്.കോവിഡ് 19 ജാഗ്രതയിൽ സ്ത്രീകളുടെ ഈ ഉത്സവം ബുദ്ധിമുട്ടുകളേതുമില്ലാതെ ഒത്തൊരുമയോടെ നടക്കുന്നു. ഏവർക്കും ഉത്സവാശംസകൾ.