തിരുവനന്തപുരം: സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ തിരിച്ചയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സർക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിര്‍ദേശിച്ചു. വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി നല്കിയ നിര്‍ദ്ദേശം.
പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുൻസുകളും നഗരത്തില്‍ ഉണ്ടാകും.
അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് 19 വൈറസ് കൂടി സ്ഥിരീകരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്.