കാസർകോട്: മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ തട്ടിപ്പിൽ കുടുങ്ങിയവർ നിയമനടപടിക്കൊരുങ്ങുന്നു. പണം ആവശ്യപ്പെട്ടാൽ രണ്ട് മാസത്തിനകം തിരിച്ചു നൽകുമെന്ന കരാറിലാണ് ‘ഫാഷൻ’ എന്ന് തുടങ്ങുന്ന കമ്പനിയിൽ പലരും വൻ തുക നിക്ഷേപിച്ചത്.
100 രൂപയുടെ ഓഹരികൾ മുതൽ കോടികൾവരെ നിക്ഷേപിച്ചവരുണ്ട്. ജ്വല്ലറിയുടെ എല്ലാ ശാഖകളും പൂട്ടിയതോടെ ,മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന നിക്ഷേപകരിൽ ചിലർ തുക തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ചെയർമാനായ ലീഗ് നേതാവും എംഡിയും ഒപ്പിട്ട ചെക്കുകളാണ് അപ്പോൾ അവർക്ക് നൽകിയിരുന്നത് .
രണ്ട്മാസത്തിനേ് ശേഷവും അവയൊന്നും പാസാവാതെ ബാങ്കുകളിൽ നിന്ന് തിരിച്ചു വന്നു തുടങ്ങിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, ഉദുമ ഭാഗങ്ങളിൽ നിന്നുള്ളവരാണ് നടപടിക്ക് ഒരുങ്ങുന്നത്.
പണം തിരിച്ചു കിട്ടില്ലെന്നുറപ്പായതോടെ രോഷത്തിലായ നിക്ഷേപകരെ അനുനയിപ്പിക്കാനുള്ള നീക്കവും ശക്തമാണ്. നിക്ഷേപകരുടെ സമ്മർദം കനത്തതോടെ ചില രാഷ്ട്രിയ നേതാക്കളെ ഇടപെടുവിച്ചു പ്രശ്നത്തിന് താൽകാലിക ശമനമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കമ്പനിയുടെ ചെയർമാൻ തട്ടിപ്പ്ഘട്ടത്തിൽ ലീഗ് നേതാവ് മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ലീഗ് അണികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. 68 കോടി രൂപയോളം പ്രവർത്തകർ തന്നെ നിക്ഷപിച്ചിട്ടുണ്ടന്നാണ് വിവരം , അതിനാൽ പാർടിക്കുള്ളിലും തർക്കം രൂക്ഷമാണ്. ലീഗ് നേതാവ് എന്ന നിലയിലാണ് പലരും വൻ തുക സ്വകാര്യ കമ്പനിയിലേക്ക് നൽകിയത്. പ്രശ്നം അതിരൂക്ഷമായതോടെ പാണക്കാട് തങ്ങൾക്ക് എത്തിക്കാനുള്ള നീക്കവും ഒരു വിഭാഗം നടത്തുന്നുണ്ട് ,
116 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്ന് കമ്പനി ഭാരവാഹികൾ സമ്മതിച്ചതായി നിക്ഷേപകർ പറയുന്നു. അതിൽ 25 കോടിയിൽ താഴെ ആസ്തി മാത്രമാണിപ്പോഴുള്ളത്. ബാക്കി തുക എവിടെയെന്ന ചോദ്യത്തിന് ചെയർമാനും മാനേജിങ് ഡയരക്ടർക്കും മറുപടിയില്ല. കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിൽ അഞ്ച് മണിക്കൂറോളം നിക്ഷേപകരു മായി ചർച്ച നടത്തി. എന്നാൽ തുക തിരിച്ചു നൽകുന്നത് സംബന്ധിച്ച് ഒന്നും പറയുകയുണ്ടായില്ല.
ചെയർമാനും എംഡിയും പരസ്പരം പഴിചാരുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവരിൽ ജീവനാംശം കിട്ടിയ തുക നിക്ഷേപിച്ച സ്ത്രീകൾ പോലുമുണ്ട്. അവരുടെ കണ്ണീരിൽകുതിർന്ന പണമാണ് ഇവർ രാഷ്ട്രീയ കച്ചവട തട്ടിപ്പ് നടത്തിയത്