തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്.
23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 18 ആംബുലൻസ് ബൈക്ക് അംബുലൻസുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ അനൗൺസുമെന്റുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും. അതേസമയം കേരളത്തിൽ വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ ഇറ്റലിയിൽനിന്ന് എത്തിയവരും രണ്ടുപേർ ബന്ധുക്കളുമാണ്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.