തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കലാപമേഖലയില്നിന്നുള്ള വാര്‍ത്തകള്‍ ഹിന്ദുമതത്തിന്റെ സനാതനധര്‍മത്തെ വികലമാക്കുന്നുവെന്നും ഇവ മതസ്പര്‍ധ വളര്‍ത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് രണ്ട് ന്യൂസ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്.
എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴാം തിയതി രാവിലെയോടെ പിന്‍വലിച്ചു.ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.