തുറവൂർ ∙ കെട്ടിട നിർമാണ അനുമതി നൽകുന്നതിനു കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ ഓവർസീയർ വിജിലൻസിന്റെ പിടിയിൽ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓവർസീയർ ഷാജിമോനെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുറവൂർ വളമംഗലം സ്വദേശിയായ സന്തോഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
പൂച്ചാക്കൽ മാർക്കറ്റിനു സമീപമുള്ള 4 സെന്റ് സ്ഥലത്തു കടമുറി നിർമാണ അനുമതി ലഭിക്കുന്നതിനു ഷാജിമോൻ ആദ്യം 2000രൂപയും പിന്നീട് 5000 രൂപയും മദ്യവും ആവശ്യപ്പെടുന്നതായി ആലപ്പുഴ വിജിലൻസ് യുണിറ്റ് ഡിവൈഎസ്പി എ.കെ. വിശ്വനാഥനു പരാതി നൽകിയിരുന്നു. വിജിലൻസ് നിർദേശപ്രകാരം ഇന്നലെ വൈകിട്ട് തുറവൂർ ജംക്ഷനു സമീപം ബേക്കറിയിൽ പണവും മദ്യവുമായി എത്താമെന്നു സന്തോഷ് കുമാർ അറിയിച്ചു. പണവും മദ്യവും ഷാജിമോൻ കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.