തിരുവനന്തപുരം: വനിതാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തലസ്ഥാനത്ത് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം നിരവധി സ്ത്രീകളാണ് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ പങ്കാളികളായത്. കനകക്കുന്ന് മുതല്‍ കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍ക്ക് വരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി കലാപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് തലസ്ഥാനത്ത് സ്ത്രീകള്‍ക്കായി രാത്രി നടത്തം സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്കും രാത്രി പൊതുഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയും എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത് എന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. നല്ല സ്ത്രീ പുരുഷ സൗഹൃദമുള്ള സമൂഹമായി ഇവിടം മാറണമെന്ന് ആഗ്രഹിക്കുന്ന എല്ല സ്ത്രീകളും പുരുഷന്മാരും കൂടെയുണ്ട്. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായുള്ള വൃത്തികേടുകള്‍ കടന്നുവരുന്ന സമൂഹമാണിത്. ഒരു രാത്രിനടത്തം കൊണ്ട് മാത്രം ഇത് പരിഹരിക്കാനാവില്ല. ഇതിനെല്ലാം മാറ്റം വരുത്തണമെങ്കില്‍ പല കോണുകളില്‍ നിന്ന് പ്രവൃത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.