കൊച്ചി: ചവറ എം.എല്‍.എ എന്‍ വിജയന്‍പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി.
ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്
തേവലക്കര ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്.എസ്.പിയിലൂടെയായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍എസ്പിയിലുണ്ടായിരുന്ന വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലെത്തി.
കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരന് കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരന് കോണ്‍ഗ്രസിലെത്തിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി.
മദ്യനയവിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായുണ്ടായ ഭിന്നതയ്ക്കൊടുവിലാണ് കോണ്‍ഗ്രസ് വിട്ടത്. അതിന് ശേഷം സിഎംപിയില്‍ ചേര്‍ന്നു. അന്നത്തെ അരവിന്ദാക്ഷന് വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷന് വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്: ജയകൃഷ്ണന്