ബിസിനസ്സില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍
കോട്ടയ്ക്കല്‍: ബിസിനസ്സില്‍ ചേര്ക്കാമെന്നുപറഞ്ഞ് യുവാവില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കോട്ടയ്ക്കല്‍ സൂപ്പിബസാര്‍ ചെക്കമ്മാട്ടില്‍ വിനോദിന്റെ പരാതിയില്‍ മുക്കം താഴെക്കോട് പുല്ലുകാവില്‍ സുകൃത്ലാല് (41) ആണ് കോട്ടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. 2021 ഒക്ടോബറില്‍ പരാതിക്കാരനെ കബളിപ്പിച്ച് പ്രതി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. യുവാവും പ്രതിയും മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്ന പരിചയം മുതലെടുത്താണ് പണം തട്ടിയത്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ‘ടെക് മലബാറിക്കസ്’ എന്ന പേരിലുള്ള സോഫ്റ്റ്വേര്‍ ഡിവലപ്മെന്റ് സെന്ററിന്റെ വിപുലീകരണത്തിനായി പണം മുടക്കുന്നതുവഴി പ്രതിമാസം ലാഭവിഹിതം നല്‍കാമെന്നും ആവശ്യപ്പെടുന്ന പക്ഷം മുതല്‍മുടക്ക് ഒരു മാസത്തിനകം തിരിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു ഓണ്‍ലൈന്‍ പണമിടപാടുവഴി പ്രതി പണം കൈപ്പറ്റിയത്. ഇതിനായി പ്രതി മാതാപിതാക്കളുടെപേരില്‍ വ്യാജ ഒപ്പിട്ടും രേഖചമച്ചു.
എന്നാല്‍ വര്‍ഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ പരാതിക്കാരന് നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് 2024 ജൂണില്‍ കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെപേരില് പണംതട്ടിയതിനും വ്യാജരേഖചമച്ചതിനും കോട്ടയ്ക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.