നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി
മലപ്പുറത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് 19കാരി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.
കൊണ്ടോട്ടി സ്വദേശി കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന മുംതാസ്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു.
വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. അതേസമയം ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.