കൊല്ലം: എഴുവയസുകാരി ദേവനന്ദയെ വീട്ടിൽ നിന്ന് കൊണ്ടുപോയി പുഴയിലേക്ക് എറിഞ്ഞതാണെന്ന് സംശയം ബലപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സംശയിക്കുന്ന ഏഴ് പേരെ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധ സംഘം ശാസ്ത്രീയ റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് സമർപ്പിച്ചേക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നാല്പതിലധികം പേരുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ സംശയിക്കുന്നവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയിരുന്നു. അതിൽ ഉൾപ്പെടുന്ന ഏഴ് പേരെയാണ് പ്രത്യേകം ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഓരോരുത്തരെയായി ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്നാണെങ്കിലും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാകുന്നതോടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവെടുപ്പുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ ആകെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള മൊബൈൽ ഫോൺ രേഖകൾ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് ഏഴ് പേരെ ചോദ്യം ചെയ്യുന്നതോടെ പ്രതിയിലേക്കുള്ള ദൂരം കുറയുമെന്നാണ് പ്രതീക്ഷ.പൊലീസ് ഗൗരവത്തിൽമരണത്തിൽ അസ്വാഭാവികത ഇല്ലെന്ന തരത്തിലാണ് ഇത്രയും ദിവസങ്ങൾ നീങ്ങിയത്. സംശയങ്ങൾ ഏറെയുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് കണ്ടെത്തിയതിനാൽ മറ്റ് സംശയങ്ങൾക്ക് കൂടുതൽ ബലം കൊടുത്തിരുന്നില്ല. ഫോറൻസിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധന നിർണായകമായിരുന്നു. ഇന്നലെ ഫയർഫോഴ്സ് സംഘത്തെ ഉപയോഗിച്ച് പുഴയിലെ പല ഭാഗത്തെ ചെളിയും വെള്ളവും ശേഖരിച്ചു. ഇതിന്റെയൊക്കെ വിലയിരുത്തലിലാണ് മരണത്തിന് പിന്നിൽ ബാഹ്യ ശക്തിയുണ്ടെന്ന് വ്യക്തമാകുന്നത്. നാളെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരുമായി അന്വേഷണ സംഘം ചർച്ച നടത്തുന്നതോടെ ദേവനന്ദയുടെ മരണത്തിൽ വൻ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.