വാളയാർ പീഡനക്കേസിൽ വഴിതിരിവ്, മാതാപിതാക്കൾ പ്രതികൾ
വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗ പ്രേരണാ കുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ പ്രദേശവാസികളടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയാണുണ്ടായത്. വിശദമായ അന്വേഷണം നടത്തണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതിയാക്കിയത്.
കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും ഇതിനാലാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചു. യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയിരുന്നു നേരത്തെ റിപ്പോർട്ട് നൽകിയത്.