പെരിയ ഇരട്ടക്കൊല കേസ്, സിപിഎം നേതാക്കളായ നാല് പ്രതികൾ പുറത്തിറങ്ങി
പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കൾ ജാമ്യത്തിലിറങ്ങി. കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ജയിൽ മോചിതരായത്. ജയിലിന് പുറത്ത് ഇവർക്ക് വൻ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്.
സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേർത്തതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കെ വി കുഞ്ഞിരാമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നും തങ്ങൾ നിരപരാധികളാണെന്ന് പാർട്ടിക്ക് ബാേദ്ധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്ന അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. 14-ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സി പി എം കാസർകോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠൻ, 20-ാം പ്രതി ഉദുമ മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തതോളി, 22-ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.