ജിന്നുമ്മയും സംഘവും വീണ്ടും പോലീസ് കസ്റ്റഡിയിൽ; ഉത്തരവിറക്കി കോടതി.
കാസർകോട്: പ്രവാസി വ്യവസായി പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജി (55)യെ കൊലപ്പെടുത്തുകയും വീട്ടിൽ നിന്നു 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതാവുകയും ചെയ്ത കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്ന് ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ബാര, മീത്തൽമാങ്ങാട്, ബൈത്തുൽ ഫാതിമിലെ ടി.എം ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ശമീന എന്ന ജിന്നുമ്മ (34), പള്ളിക്കര, മുക്കൂട്, ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്, വലിയ പള്ളിക്കു സമീപത്തെ പി.എം അസ്നിഫ (43), മധൂർ, കൊല്യയിലെ ആയിഷ (42) എന്നിവരാണ് കേസിലെ പ്രതികൾ. 2024 ഡിസംബർ അഞ്ചിനാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുർഗ് കോടതി നേരത്തെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡിസംബർ 11ന് തിരികെ കോടതിയിൽ ഹാജരാക്കുകയും വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഹൊസ്ദുർഗ് കോടതി ഈ ആവശ്യം തള്ളി. ഇതേ തുടർന്നാണ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നു ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കോടതിയെ സമീപിച്ചത്. 2023 ഏപ്രിൽ 13നു രാത്രിയിലാണ് അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കാണാതായ സ്വർണ്ണത്തിൽ നിന്നു 103 പവൻ മാത്രമാണ്് കണ്ടെടുക്കാനായത്. ബാക്കി സ്വർണ്ണം കൂടി കണ്ടെടുക്കുന്നതിനാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.