ദമ്പതികളും രണ്ടു കുട്ടികളും വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മക്കൾക്ക് വിഷം കൊടുത്ത് ദമ്പതികൾ തൂങ്ങി മരിച്ചതാണെന്നു സംശയം
ബംഗ്ളൂരു: ദമ്പതികളും രണ്ടു കുട്ടികളും വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബംഗ്ളൂരു, ആർ.എം.വി സെക്കന്റ് സ്റ്റേജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയർ കൺസൾട്ടൻ്റായി ജോലി ചെയ്യുന്ന അനൂപ് കുമാർ (38), ഭാര്യ രാഖി (35) ഇവരുടെ മക്കളായ അനുപ്രിയ (5), പ്രിയൻഷ് (2) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ്, അലഹാബാദ് സ്വദേശികളാണ് അനൂപ്കുമാറും കുടുംബവും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തുങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. അതേ സമയം മരണത്തിൽ ദുരൂഹതയുയർന്നിട്ടുണ്ട്. ആഹ്ലാദപൂർവ്വം കഴിയുന്ന കുടുംബമാണിതെന്നും അടുത്ത ദിവസം പോണ്ടിച്ചേരിയിൽ വിനോദ സഞ്ചാരത്തിനു പോകാനിരുന്നതാണിവരെന്നും പറയുന്നു. അക്കാര്യം വീട്ടുജോലിക്കാരെ അറിയിച്ചിരുന്നതായി സൂചനയുണ്ട്. കുട്ടികളെ പരിചരിക്കാൻ രണ്ടു പേരെയും പാചകത്തിന് ഒരാളെയും വീട്ടിൽ നിയോഗിച്ചിട്ടുണ്ട്. ഓരോരുത്തർക്കും 15000 രൂപ ശമ്പളവും നൽകിയിരുന്നു.