കാറിടിച്ച് ബൈക്ക് യാത്രിക മരിച്ച സംഭവം; നിർത്താതെ പോയ വാഹനം അഞ്ചുദിവസത്തിനുശേഷം പിടികൂടി
കൊച്ചി: ആലുവയിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം പിടികൂടി. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് വാടക്കൽവീട്ടിൽ ഷേർളി തോമസ് (63) അപകടത്തിൽ മരണപ്പെട്ടിരുന്നു. കലൂരിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ജോഷിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഡിസംബർ 31ന് രാത്രി 10.45 ഓടെ തോട്ടുമുഖം മാർവർ കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. പുതുവത്സര കുർബാനയിൽ പങ്കെടുക്കാൻ സഹോദരൻ സിൽവിയ്ക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് ഇവരുടെ വാഹനത്തിൽ കാർ ഇടിക്കുന്നത്. ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു. ആലുവ പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്.
ചികിത്സയിലിരിക്കേ ജനുവരി രണ്ടിനാണ് ഷേർളി മരണപ്പെടുന്നത്. വാഹനം ഇടിച്ചയുടനെ ഷേർളിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും ആരോപണം ഉന്നിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കാർ കണ്ടെത്താനായത്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജോഷിയെ ചോദ്യം ചെയ്ത് വരികയാണ്.