കാസര്‍കോട്: കാസര്‍കോട് നഗരസഭ അമിതമായും അശാസ്ത്രീമായും ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചത് തടയണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചു. പരാതി പരിശോധിച്ച് ആറാഴ്ചകള്‍ക്കകം വ്യാപാരികളുമായി ഹിയറിംഗ് നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കോടതി കാസര്‍കോട് നഗരസഭക്ക് നിര്‍ദ്ദേശം നല്കി. അന്യായമായി നഗരസഭ വ്യാപാരികളില്‍ നിന്ന് ഫീസ് ഇടാക്കിയ നടപടി നഗരസഭാ കൗണ്‍സില്‍ പുനപരിശോധിക്കണമെന്നും അന്യായമായി ഈടാക്കിയ അധികതുക വ്യാപാരികള്‍ക്ക് തിരിച്ചു നല്കാന് നടപടി സ്വീകരിക്കണമെന്നും കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് എ.കെ.മൊയ്തീന് കുഞ്ഞിയും ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടിയും ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും സംഘടനാ ഭാരവാഹികള്‍ നഗരസഭാ ഭരണാധികാരികളുമായി നേരില്‍ സംസാരിക്കുകയും ചെയ്തുവെങ്കിലും ലൈസന്‍സ് ഫീസ് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണെന്നും തങ്ങള്‍ക്ക് മാറ്റം വരുത്താനാവില്ലെന്നുമുള്ള നിലപാടില്‍ നഗരസഭ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ലൈസന്‍സ് ഫീസിന്റെ പതിന്മടങ്ങ് വര്‍ധിപ്പിച്ചു കൊണ്ടാണ് നഗരസഭ വ്യാപാരികളില്‍ നിന്നും പലയിനങ്ങള്‍ക്കും ഫീസ് ഈടാക്കിയതെന്നും ഇത്തരത്തിലുള്ള ഒരു വര്‍ധനവ് സംസ്ഥാനത്ത് മറ്റൊരു നഗരസഭയിലും വരുത്തിയിട്ടില്ലെന്നും മര്‍ച്ചന്റ്സ് നേതാക്കള്‍ പറഞ്ഞു. നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനും വൈദ്യുതി ബില്ല് അടക്കുന്നതിനും മറ്റു വഴികളില്ലാത്തതിനാലാണ് അമിത വര്‍ധനവ് ഏര്‍പ്പെടുത്തിയതെന്ന നഗരസഭ ഉദ്യോഗസ്ഥരുടെ മറുപടി വിചിത്രമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.