കൊച്ചിയിൽ നിന്ന് പാചക വാതകം നിറച്ച് കോയമ്പത്തൂരിലേക്ക് പോയ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച, സ്കൂളുകൾക്ക് അവധി
കോയമ്പത്തൂർ: എൽ പി ജി ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. കോയമ്പത്തൂരിലെ അവിനാശി റോഡ് മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് 18 ടൺ പാചക വാതകം നിറച്ച് കോയമ്പത്തൂർ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പി സി എൽ) വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോൾ ടാങ്കർ പൊട്ടി, ലോറിയുമായുള്ള ബന്ധം വേർപെട്ട് റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ടാങ്കർ ലോറി ഡ്രൈവർ അഗ്നിശമന സേനയെ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും ബി പി സി എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് വെള്ളം പമ്പ് ചെയ്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ടാങ്കർ ലോറി ഉയർത്താൻ ക്രെയിൻ കൊണ്ടുവന്നിട്ടുണ്ട്. മറ്റൊരു ടാങ്കർ ലോറി കൊണ്ടുവന്ന് അതിലേക്ക് പാചക വാതകം മാറ്റാൻ ശ്രമിച്ചേക്കുമെന്നാണ് സൂചന.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ സിറ്റി പൊലീസ് അവിനാശി റോഡിൽ ഗതാഗതം നിർത്തി. സംഭവ സ്ഥലത്തിന് സമീപത്തായി നിരവധി സ്കൂളുകൾ സ്ഥിതി ചെയ്യുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.