ഹൈദരാബാദിൽ ഹോസ്റ്റൽ ശുചിമുറിയിൽ ഒളി ക്യാമറ; പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ
സീതാരിഗുഡ: ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ കോളേജിന് പുറത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡ്ചാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികൾക്ക് നേരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ സംശയം തോന്നിയ ചിലർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.