സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച 25 പവന്റെ വളകൾ കാണാനില്ല, പരാതിയുമായി ദമ്പതികൾ
തിരുവനന്തപുരം കിഴുവല്ലം സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ രംഗത്ത്. ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് രാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും സഹകരണ രജിസ്ട്രാർക്കും ദമ്പതികൾ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹത്തിന് അണിഞ്ഞിരുന്ന 45 പവൻ സ്വർണമാണ് സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നത്. 2008ലാണ് ലോക്കറെടുത്തത്. വർഷാവർഷം വാടക നൽകി വരുന്നുണ്ട്. 2015ൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തീയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ 17 വളകൾ കാണാനില്ലായിരുന്നു.
ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പൊലീസിനും രജിസ്ട്രാർക്കും പരാതി നൽകിയെന്നും രമ്യ പറഞ്ഞു. ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ ഉണ്ടെങ്കിലും അത് സ്വർണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് ദമ്പതികൾ പറഞ്ഞു.