തൃശൂരിലെ യുവാവിന്റെ കൊലപാതകം, 14കാരനും 16കാരനും ലഹരിക്ക് അടിമ
തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് ഇന്നലെ രാത്രി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളായ സ്കൂൾ വിദ്യാർത്ഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂർ പൂത്തോൾ സ്വദേശി ലിവിൻ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ തർക്കമായി. ഇതിനിടെയാണ് വിദ്യാർത്ഥികളിലൊരാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.
കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി