ശമ്പളം 13000, വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി പിന്നെ കാർ, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട…ഒടുവിൽ ജയിലിലേക്കുള്ള വഴിയും
കിട്ടുന്ന മാസ ശമ്പളം 13000 രൂപ, പക്ഷേ ഇൻ്റർനെറ്റ് ബാങ്കിങ് വെട്ടിപ്പിലൂടെ യുവാവ് സ്വന്തമാക്കിയത് 21 കോടി രൂപ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ് ഇൻ്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികൾ തട്ടിയത്.
ഈ പണം കൊണ്ട് ആഢംബര ജീവിതം നയിച്ച യുവാവ് കാമുകിക്ക് മുംബൈ വിമാനത്താവളത്തിന് സമീപം 4 ബിഎച്ച്കെ ഫ്ളാറ്റ് വാങ്ങി നൽകുകയും 1.2 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ് യു വിയും 32 ലക്ഷത്തിൻ്റെ ബിഎംഡബ്ല്യു ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കേസിൽ പണം തട്ടാൻ ഹർഷലിനെ സഹായിച്ച സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ജീവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ ഹർഷൽകുമാർ ഒളിവിലാണ്. പണം തട്ടാനായി ഹർഷൽ ഉണ്ടാക്കിയിരുന്ന പദ്ധതി ഇങ്ങനെയാണ്: സ്പോർട്സ് കോംപ്ലക്സിൻ്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർഷൽ സ്പോർട്സ് കോംപ്ലക്സിൻ്റെ പഴയ ലെറ്റർഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയിൽ ചെയ്തു.
അതേസമയം തന്നെ, സ്പോർട്സ് കോംപ്ലക്സിൻ്റെ അക്കൗണ്ടിന് സമാനമായ ഒരു വിലാസത്തിൽ പ്രതി ഒരു പുതിയ ഇമെയിൽ അക്കൗണ്ട് തുറന്നിരുന്നു. സ്പോർട്സ് കോംപ്ലക്സിൻ്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന ഈ ഇ-മെയിൽ വിലാസം ഉപയോഗിച്ച് ഇടപാടുകൾക്കായി വരുന്ന ഒടിപികളും മറ്റ് വിവരങ്ങളും ഹർഷലിന് ആക്സസ് ചെയ്യാനാകുമായിരുന്നു.
2024 ജൂലൈ 1നും ഡിസംബർ 7 നുമിടയിൽ സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ഇയാളുടെ പേരിൽ കൂടുതൽ ബാങ്ക് അക്കൌണ്ടുകളുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഇയാൾ വാങ്ങിയ ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രധാനപ്രതി ഹർഷൽ കുമാറിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.