പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി നീട്ടിവെച്ചു
കാസർകോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ നൽകണമെന്ന ആവശ്യം പരിഗണിക്കേണ്ട ജഡ്ജ് അവധിയിൽ ആയതിനാൽ നീട്ടിവെച്ചു. ഇരുപത്തേഴാം തീയതി കസ്റ്റഡിയിൽ ആവശ്യപ്പെട്ട വീണ്ടും ഹർജി നൽകും. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസൺ നൽകിയ അപേക്ഷയാണ് ഹൊസ്ദുർഗ് കോടതി പരിഗണന ജഡ്ജി ഇല്ലാത്തതിനാൽ മാറ്റിവെച്ചത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാംപ്രതി ഉദുമ, മാങ്ങാട്, കുളിക്കുന്നിൽ താമസക്കാരിയായ ജിന്നുമ്മ എന്ന ഷമീമ, പൂച്ചക്കാട്ടെ അസ്നീഫ, മധുരിലെ ആയിഷ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിരുന്നത്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസിൽ ഡിസംബർ മൂന്നിനാണ് നാലു പ്രതികളെയും അറസ്റ്റു ചെയ്തത്. അതേ സമയം കൊല്ലപ്പെട്ട ഗഫൂർ ഹാജിയുടെ ഭാര്യ കേസിൽ കക്ഷി ചേർന്നു. ഇവർക്കായി കോഴിക്കോട്ടെ മുതിർന്ന അഭിഭാഷകൻ മുഹമ്മദ് സഹീർ കോടതിയിൽ ഹാജരായി.
ഹാജിയുടെ വീട്ടിൽ നിന്നു നഷ്ടമായ 596 പവൻ സ്വർണ്ണാഭരണങ്ങളിൽ 100ൽ പരം പവൻ സ്വർണ്ണം മാത്രമേ ഇതുവരെ കണ്ടെടുക്കാനായിട്ടുള്ളു. ബാക്കി സ്വർണ്ണം കൂടി കണ്ടെടുക്കണമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. എന്നാൽ കസ്റ്റഡി വൈകിയതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേ സമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതി ജനുവരി നാലിലേക്ക് മാറ്റി വച്ചു.2023 ഏപ്രിൽ 14നു പുലർച്ചെയാണ് ഗഫൂർ ഹാജി ദുർ മന്ത്രവാദിയായ ഷംസീന എന്ന ജിന്നുമ്മയുടെയും കൂട്ടാളികളുടെയും കൈകളാൽ കൊല്ലപ്പെട്ടത്.