510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ആരാണ് ഈ നടിമാര്‍ എന്ന് വ്യക്തമല്ല.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായ അഴിഞ്ഞിലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങില്‍ വെച്ച് ഷെഫീഖ് പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ് ) സംഘവും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒമാനില്‍ നിന്ന് എത്തിയ ആളാണ് ലഹരിമരുന്ന് കൈമാറിയതെന്നും അത് രണ്ട് നടിമാര്‍ക്ക് നല്‍കണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് പറഞ്ഞു. ആരാണ് ഈ നടിമാരെന്ന് അറിയില്ല. കൂടുതല്‍ വിവരങ്ങളൊന്നും പ്രതിക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇയാളുടെ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്.