വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി അർജുൻ വിചാരണക്കോടതിയിൽ ഹാജരായി
ഇടുക്കി:വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ വിചാരണക്കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രതി കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായത്. അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ ഹാജരായി വിദേശത്തേക്ക് പോകില്ലെന്ന് സത്യവാംമൂലം നൽകാൻ കോടതി നിർദേശം നൽകിയെങ്കിലും പ്രതി ഹാജരായില്ല. തുടർന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിചാരണക്കോടതിയിൽ ഹാജരായി 50000 രൂപയുടെയും രണ്ട് ആൾ ജാമ്യത്തിൻ്റെയും ബോണ്ട് നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ ഡിസംബറിലാണ് കട്ടപ്പന കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പിന്നാലെ കുടുംബവും സർക്കാരും വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.