ആറ് വയസുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: കോതമംഗലത്ത് വീടിനുള്ളിൽ ആറ് വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്ക്കാനാണ് മരിച്ചത്. നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം.
അജാസ് ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു മുസ്ക്കാൻ. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മക്കൾ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. മുസ്ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു. രാവിലെ പെൺകുട്ടി എഴുന്നേൽക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കോതമംഗലം പൊലീസ് സ്ഥലത്തെത്തി, പ്രാഥമിക പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.