അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ ശ്രമം;മകൻ കസ്റ്റഡിയിൽ
കൊച്ചി: അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ ശ്രമം. കൊച്ചി വെണ്ണല സ്വദേശി അല്ലി (70) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. അല്ലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സംശയം.ഇന്ന് രാവിലെ വീടിന്റെ മുറ്റത്ത് തന്നെയാണ് പ്രദീപ് അമ്മയ്ക്കായി കുഴിയെടുത്തത്. ശേഷം അമ്മയുടെ ശരീരം കുഴിച്ചിടാൻ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രദീപ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അമ്മ മരിച്ചപ്പോൾ കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്.